ലോസ് ആഞ്ചെലെസ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കയെ തകർത്ത് അർജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാരുടെ ജയം.
ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിലാണ് അർജന്റീന മൂന്ന് ഗോളുകളും നേടിയത്. 34ആം മിനിറ്റിൽ മാൻഫ്രഡ് ഉഗാൾഡെയാണ് കോസ്റ്ററിക്കക്കായി ഗോൾ നേടിയത്.
കളിയിലുടനീളം അർജന്റീന പന്ത് കൈവശം വച്ചെങ്കിലും ലഭിച്ച അവസരം കോസ്റ്ററിക്ക മുതലാക്കി. രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ ഉണർന്നു കളിച്ചു. 52ആം മിനിറ്റിൽ ക്യാപ്റ്റൻ എയ്ഞ്ചൽ ഡി മരിയ ടീമിന് സമനില നൽകി.
നാല് മിനിറ്റിനകം 56ആം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ അർജന്റീന ലീഡ് എടുത്തു. 77 മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് മൂന്നാം ഗോൾ കണ്ടെത്തി.
ഇതോടെ സൂപ്പർതാരം ലയണൽ മെസിയില്ലാതെ കളിച്ച രണ്ട് രാജ്യാന്തര സൗഹൃദ മത്സരവും അർജന്റീന ജയിച്ചു. കഴിഞ്ഞ കളിയിൽ എൽ സാൽവദോറിനെതിരെ 3-0നായിരുന്നു ടീമിന്റെ ജയം.
അതേസമയം സ്ലോവേനിയ്ക്കെതിരെ പോർച്ചുഗൽ തോറ്റുമടങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം. രണ്ടാം പകുതിയുടെ അവസാനമാണ് ഇരുഗോളുകളും വീണത്.
72ആം മിനിറ്റിൽ ആദം സെറിനും 80ആം മിനിറ്റിൽ ടിമി എൽസ്നിക്കും സ്ലോവേനിയ്ക്കായി ഗോൾ കണ്ടെത്തി. കോച്ച് റോബർട്ടോ മാർട്ടിനസിന് കീഴിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് പോർച്ചുഗൽ പരാജയമറിയുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടും ടീമിന് രക്ഷയുണ്ടായില്ല.