കൊൽക്കത്ത: പശ്ചിമബംഗാളിലെ ജൽപായ്‌ഗുരി ജില്ലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ അഞ്ചുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈസ്‌റ്റർ ദിനത്തിൽ ഉച്ചയ്‌ക്കു ശേഷമാണ് അപകടം. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പൊട്ടിവീണു.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിനൊപ്പമുണ്ടായ കനത്ത ആലിപ്പഴ വർഷത്തിലും നിരവധി പേർക്ക് പരിക്കേറ്റു.
ബംഗാളിനു പുറമെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു.
മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും മരണങ്ങളിൽ അനുശോചിച്ചു. അസമിലും മണിപ്പുരിലും മഴ വ്യാപക നാശം വിതച്ചു. ഗുവാഹത്തി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം മഴയിൽ തകർന്നു. ആർക്കും പരിക്കില്ല.
മോശം കാലാവസ്ഥ കാരണം വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഇരു സംസ്ഥാനങ്ങളിലും റെയിൽ, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചൊവ്വ വരെ കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ബംഗാൾ ഗവർണർ രാജ്ഭവനിൽ എമർജൻസി സെൽ രൂപീകരിച്ചിട്ടുണ്ട്.