Timely news thodupuzha

logo

തുർക്കിയയിൽ ജസ്റ്റിസ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ പാർട്ടിക്ക്‌ വൻ തിരിച്ചടി

അങ്കാറ: തുർക്കിയയിൽ മേയർമാരെയും അഡ്‌മിനിസ്‌ട്രേറ്റർമാരെയും തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ റെജബ്‌ തയിപ്‌ എർദോഗന്റെ ജസ്റ്റിസ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ പാർട്ടിക്ക്‌(എ.കെ) വൻ തിരിച്ചടി.

തലസ്ഥാനമായ അങ്കാറയിലെയും വാണിജ്യ കേന്ദ്രമായ ഇസ്താംബുളിലെയും മേയർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പീപ്പിൾസ്‌ പാർട്ടി(സി.എച്ച്‌.പി) വന്‍ വിജയം നേടി.

ഇസ്‌താംബുളിൽ സി.എച്ച്‌.പിക്കായി മത്സരിച്ച നിലവിലെ മേയർ എക്‌രേം ഇമാമൊഗ്ലു 50 ശതമാനത്തിലധികം വോട്ട്‌ നേടി. മുൻ മേയറായിരുന്ന എർദോഗൻ നേരിട്ടാണ്‌ ഇവിടെ പ്രചാരണം നയിച്ചത്‌.

അങ്കാറയിലും സി.എച്ച്‌.പി സ്ഥാനാർഥി മൻസുർ യവസ്‌ മേയർ സ്ഥാനം നിലനിർത്തി. തുർക്കിയയിലെ നാലാമത്തെ വലിയ നഗരമായ ബർസയിലെയും ബാലികേസിറിന്റെയും ഭരണം എ.കെ പാർട്ടിയിൽ നിന്ന്‌ സി.എച്ച്‌.പി പിടിച്ചെടുക്കുകയും ഇസ്മിർ, അദാന, അന്റാലിയ റിസോർട്ട് എന്നിവ നിലനിർത്തുകയും ചെയ്‌തു.

തുർക്കിയയുടെ പടിഞ്ഞാറ്, തെക്ക്, വടക്ക് പ്രദേശങ്ങൾ സി.എച്ച്‌.പിയും തെക്ക് – കിഴക്ക്‌ പ്രദേശത്ത്‌ കുർദിഷ് അനുകൂല ഡെം പാർട്ടിയുമാണ്‌ വിജയിച്ചത്‌. എ.കെ പാർട്ടിക്ക്‌ മധ്യ തുർക്കിയയിലും തെക്ക്‌ – കിഴക്ക്‌ ഭാഗത്തെ ചില സ്ഥലങ്ങളിലും മാത്രമാണ്‌ വിജയിക്കാനായത്‌.

എർദോഗൻ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ്‌ എ.കെ പാർട്ടിക്ക്‌ ഇത്ര വലിയ തിരിച്ചടി നേരിടുന്നത്. 2019ലെ തെരഞ്ഞെടുപ്പിലും അങ്കാറയിലെയും ഇസ്താംബുളിലെയും ന​ഗര സഭകളില്‍ പ്രതിപക്ഷ സഖ്യമാണ്‌ അധികാരത്തിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *