ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.റ്റി(നാഷണൽ കൗണ്‍സിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങ്) ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് മാറ്റി.
പകരം രാമക്ഷേത്ര നിർമാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷത്തിലെ പ്ലസ് റ്റൂ ക്ലാസിലെ പൊളിറ്റിക്കൽ സയൻസിന്റെ പാഠപുസ്തകത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏഴ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, സോഷേ്യാളജി പുസ്തകങ്ങളിലാണ് വെട്ടിമാറ്റലും കൂട്ടിചേർക്കലുകളും നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എൻ.സി.ആർ.റ്റി ഔദ്യോഗികമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സി.ബി.എസ്.ഇയ്ക്ക്(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേൻ) കീഴിലുള്ള സ്കൂളുകളിലാണ് ഈ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങളും എൻ.സി.ആർ.റ്റി നീക്കം ചെയ്‌തിട്ടുണ്ട്. പാഠപുസ്തകത്തിൽ എട്ടാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവ വികാസങ്ങളെന്ന ഭാഗത്തിന്റെ കീഴിൽ, അയോധ്യ തകർച്ചയെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കി.