തിരുവനന്തപുരം: കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് ട്രാം സർവ്വീസ് വീണ്ടും ചർച്ചകളിൽ. വിദേശ മാതൃകയില്‍ ലൈറ്റ് ട്രാം പദ്ധതി ഇവിടെയും നടപ്പാക്കാൻ കഴിയുമോ എന്നതാണ് പരിഗണിക്കുന്നത്.
ലൈറ്റ് ട്രാം പദ്ധതികളിൽ ഏറെ പേരുകേട്ട ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്. കൊച്ചി നഗരത്തിനാവും മുൻഗണന.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ(കെ.എം.ആര്‍.എല്‍) നേതൃത്വത്തിലാണ് പുതിയ പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ തുടങ്ങിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും ലൈറ്റ് ട്രാം സംവിധാനം നിലവിലുണ്ട്.
സാദാ റോഡുകളിലൂടെ മെട്രൊ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ലൈറ്റ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മിച്ചും ട്രാക്കില്ലാതെയും ഇത് ഓടിക്കാന്‍ സാധിക്കും.
കൊച്ചിയെ പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ട്രാക്കില്ലാതെ ഓടുന്ന ലൈറ്റ് ട്രാമുകളായിരിക്കും പ്രായോഗികം എന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്രിസ്‌ബെയ്ന്‍ ലൈറ്റ് ട്രാം അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് കൂടുതല്‍ യോജിച്ചതാണ് ലൈറ്റ് ട്രാം എന്നാണ് പൊതുവിലയിരുത്തല്‍.