Timely news thodupuzha

logo

ബം​ഗാൾ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് എൻ.ഐ.എ

കൊൽക്കത്ത: ബോംബ് സ്ഫോടന കേസിൽ പ്രതികളായ തൃണമൂൽ കോൺഗ്രസ്‌ നേതാക്കളെ അറസ്റ്റു ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസെടുത്ത ബം​ഗാൾ പൊലീസിന്റെ നടപടിക്കെതിരെ എൻ.ഐ.എ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

ഉദ്യോ​ഗസ്ഥർക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പശ്ചിമ ബം​ഗാളിലെ ഈസ്റ്റ് മിഡ്നാപുർ ജില്ലയിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ എൻ.ഐ.എ ഉദ്യോ​ഗസ്ഥർക്കെതിരെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2022ലെ സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു ഉദ്യോ​ഗസ്ഥർ. കേസിൽ രണ്ടു പേരെ ശനിയാഴ്ച രാവിലെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുമായി കൊൽക്കത്തയിലേക്ക് മടങ്ങും വഴി ആൾക്കൂട്ടം എൻ.ഐ.എ സംഘത്തിന്റെ വാഹനം തടയുകയും കല്ലേറിൽ കാറിന്റെ ചില്ല് തകരുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പരാതിയിൽ എൻ.ഐ.എ സംഘത്തിന് നേരെ പൊലീസ് കേസെടുത്തത്. രണ്ട് മാസം മുമ്പ് തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ ഇ.ഡി ഉദ്യോ​ഗസ്ഥർക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു.

സസ്പെന്റ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് ഷേഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോ​ഗസ്ഥർക്കെതിരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു പൊലീസ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *