കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്‌ഖാലി സംഘർഷങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി.
ഗ്രാമവാസികൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് ഉത്തരവ്.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ അനുയായികൾ തോക്കിൻമുനയിൽ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തുവെന്നും ഭൂമി ബലമായി തട്ടിയെടുത്തതായും ആരോപണമുണ്ടായിരുന്നു.
ഷാജഹാൻ ഷെയ്‌ഖിന്റെ വസതി റെയ്‌ഡ് ചെയ്യാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ തൃണമൂലുകാർ ആക്രമിച്ച സംഭവം സി.ബി.ഐ അന്വേഷിച്ചിരുന്നു. തുടർന്ന് 55 ദിവസം ഒളിവിൽ പോയതിന് ശേഷം ശേഷം ഫെബ്രുവരി 29നാണ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.
അറസ്റ്റിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ഷെയ്ഖിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പിന്നീട് കോടതി ഉത്തരവനുസരിച്ച് ഷെയ്ഖിനെ സി.ബി.ഐക്ക് കൈമാറി.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണവും ഗ്രാമവാസികളുടെ ആരോപണങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു.