ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഹാക്ക് ചെയ്‌തതായി സൈബർ ഗ്രൂപ്പ് എൻ.ഇ.റ്റി ഹണ്ടർ. ചുരുങ്ങിയത് 500 പലസ്‌തീൻ തടവുകാരെയെങ്കിലും വിട്ടയച്ചിലെങ്കിൽ കൈവശമുള്ള രേഖകൾ വിൽപ്പനക്ക് വെക്കുമെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകി.
ടെലഗ്രാം ചാനലിലെ വീഡിയോയിലൂടെയാണ് സംഘം ഹാക്ക് ചെയ്‌ത വിവരം അറിയിച്ചത്. കൈവശമുള്ള രേഖകളുടെ ചില ഭാഗങ്ങളും ടെലഗ്രാം വഴി പങ്കുവെച്ചു.
ഇസ്രയേലി സുരക്ഷാ മന്ത്രാലയവും ഇസ്രയേലി കരാറുകാരുമായുളള കരാറുകൾ, സുരക്ഷാ മന്ത്രാലയവും വിദേശ രാജ്യങ്ങളും തമ്മിലുളള കരാറുകൾ, മറ്റു രഹസ്യ വിവരങ്ങൾ, സൈനിക ബ്ലൂപ്രിൻ്റുകളും സാങ്കേതിക ഡ്രോയിങ്ങുകളും, ഡാറ്റ ബേസുകൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, പരിക്കേറ്റവർ എന്നിവരുടെ വിവരങ്ങൾ, എന്നിവയാണ് ഹാക്കർമാർ ചോർത്തിയത്.
ഇസ്രയേലിന്റെ സുഹൃത്തുക്കളെയും പങ്കാളികളെയും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുമെന്നും ഹാക്കർമാർ ഭീഷണിപെടുത്തി. ആസൂത്രത്രിത വംശഹത്യയെത്തുടർന്ന് ഗസ്സയിൽ 31,184 പേരാണ് കൊല്ലപ്പെട്ടതെന്നും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളാണ് ഇസ്രയേൽ നടത്തിയതെന്നും ഹാക്കർമാർ ചൂണ്ടികാട്ടി.
ഹാക്ക് ചെയ്‌തത് പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണെന്നും സൈബർ ആക്രമണത്തെ അഭിസംബോധന ചെയ്തു കൊണ്ടുളള പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹാക്ക് ചെയ്‌ത വാർത്ത നീതിന്യായ മന്ത്രാലയം നിഷേധിച്ചുവെങ്കിലും, മന്ത്രാലയത്തിൽ നിന്ന് ചോർന്നതായി കരുതുന്ന ഡാറ്റ നിലവിൽ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രാലയട് അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു.