ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല.
തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ.
ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ.
ഏപ്രിൽ ഒമ്പതിന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരേ സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെയാണ് പരാതി നൽകിയത്. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗ പരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.