ഇടുക്കി: ലോക് സഭ തിരഞ്ഞെടുപ്പ് ഇടുക്കിയിൽ സുഗമമായി പുരോഗമിക്കുന്നു. രാവിലെ ആറു മണി മുതൽ വെബ് കാസ്റ്റിങ് ടീമും കൺട്രോൾ റൂമും കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
വനാതിർത്തികളിലുള്ള ബൂത്തുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അടിയന്തര നടപടികൾക്ക് നിർദേശം നല്കാൻ ജില്ലാ ഭരണകൂടം തയ്യാറാണ്.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങൾക്കുമായി പ്രത്യേകം നമ്പറുകൾ ക്രമീകരിച്ചാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. മൂന്നു പേരടങ്ങുന്ന ടീമായാണ് ഇവരുടെ പ്രവർത്തനം. വോട്ടർമാർക്കും പോളിങ്ങ് ഉദ്യോഗസ്ഥർക്കും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതത് നമ്പറിൽ വിളിച്ചറിയിക്കാം. മൂവാറ്റുപുഴ – 04862 232500, കോതമംഗലം – 04862 232504, ദേവികുളം – 04862 232513, ഉടുമ്പൻചോല – 04862 232514, തൊടുപുഴ – 04862 232519, ഇടുക്കി – 04862 232520, പീരുമേട് – 04862 232522 എന്നിങ്ങനെയാണ് കൺട്രോൾ റൂമിലെ ഫോൺ നമ്പറുകൾ.
ഡെപ്യൂട്ടി കളക്ടർ രാജു ഇ.എൻ, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജർ ഷംനാദ് സി.എം എന്നിവരുടെ നേതൃത്വത്തിൽ 18 പേരടങ്ങുന്ന വെബ് കാസ്റ്റിങ്ങ് ടീമും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 752 പോളിങ്ങ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് 752 ബൂത്തുകളിലെയും തൽസമയ പ്രവർത്തനങ്ങൾ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ജില്ലാ വെബ്കാസ്റ്റിങ്ങ് കൺട്രോൾ റൂമിൽ വീക്ഷിക്കും.