ന്യൂഡൽഹി: ജമ്മുവിലെ ചില മേഖലകളിൽ ഭാരത് ജോഡോ യാത്ര ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി.സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയിൽ ആളുകളെ കുറയ്ക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീർ ഭരണകൂടം പ്രതികരിച്ചു. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. ജമ്മുകശ്മീരിലെ നർവാർളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങളിൽ സ്ഫോടനമുണ്ടായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതെങ്കിലും രാഹുൽ ഗാന്ധിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിലെ സുരക്ഷ വീഴ്ചയുടെ പശ്ചത്താലത്തിൽ പങ്ക് വച്ച ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞെന്നാണ് കോൺഗ്രസിൻറെ പ്രതികരണം. ജമ്മുകശ്മീർ പോലീസിനേയും, കേന്ദ്രപോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.