കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചതോടെ വലഞ്ഞിരിക്കുകയാണ് ദൂരസ്ഥലത്ത് നിന്നെത്തിയ യാത്രക്കാർ. പ്രാഥമിക കൃത്യം നിർവഹിക്കാൻ ആകാതെ പുരുഷ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.
യഥാസമയം ടാങ്കുകൾ വൃത്തിയാക്കാതിരുന്നതോടെയാണ് പുരുഷന്മാരുടെ ടോയ്ലറ്റ് പണിമുടക്കിയത്. മനുഷ്യ വിസർജ്യം കളയേണ്ട ക്ലോസറ്റിൽ ചെറിയ മദ്യ കുപ്പികളും നിക്ഷേപിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. ഇനി ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷ യാത്രക്കാർ പ്രാഥമിക കൃത്യം നിർവഹിക്കണമെങ്കിൽ വീട്ടിൽ നിന്ന് സാധിച്ചു വരേണ്ടി വരും.
മണിക്കൂറുകൾ യാത്ര ചെയ്ത് കോഴിക്കോട് എത്തിയവരൊക്കെ ഓടി ടോയിലറ്റിന് മുന്നിലെത്തുകയും, അവിടെ സ്ഥാപിച്ച ബോർഡ് കണ്ട് രോഷത്തോടെ മടങ്ങുകയും ചെയ്തു. 75 കോടി രൂപ മുടക്കി നിർമിച്ച കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പേരിനു മാത്രമാണ് ടോയ്ലറ്റ്.