കായംകുളം: വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇന്നലെ വൈകിട്ട് കായംകുളം കെ.പി റോഡിൽ രണ്ടാം കുറ്റിക്കും കറ്റാനത്തിനും ഇടയിൽ വെച്ചായിരുന്നു സംഭവം.
കാർ ഡ്രൈവറെയും അഭ്യാസം നടത്തിയ ആളുകളെയും മോട്ടോർ വാഹന വകുപ്പ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോർ വിൻഡോയിൽ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ പുറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ ഫോണിൽ പകർത്തി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അയച്ചു കൊടുത്തു. പിന്നാലെ ആർ.റ്റി.ഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹന ഉടമസ്ഥനെ കണ്ടെത്തുകയും ചെ്തു.
തുടർന്ന് രാത്രി എട്ടരയോടെ ചൂനാട് വെച്ച് വാഹനം പിടികൂടി. ഓച്ചിറ മേന്മന സ്വദേശി മർസീൻ അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പ്രായപൂർത്തി ആകാത്തവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു.
ഇവര്‍ക്കെതിരെ പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനത്തിനായാണ് നിർത്തിയിരുന്നത്.