Timely news thodupuzha

logo

ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണ കോടതി വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്‍റെ അപേക്ഷയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്.

കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണ കോടതി പരിഗണിച്ചതെന്നുമാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്.

വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *