കാസർക്കോട്: കാഞ്ഞങ്ങാട് ഗൃഹ സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ യുവാവ് സ്ഫോടക വസ്തു എറിഞ്ഞു. കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്.
ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഷമീർ എന്നയാളുടെ വീട്ടിലേക്ക് ഗൃഹ സന്ദർശനത്തിനെത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവർക്ക് നേരെ ഇയാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു.
ഉടൻ ഓടി മാറിയതിനാൽ നേതാക്കൾക്ക് പരുക്ക് പറ്റിയില്ല എന്നാൽ അയൽക്കാരിയായ കണോത്ത് തട്ട് സ്വദേശി ആമിനയ്ക്ക് പരുക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.