തൊടുപുഴ: വണ്ണപ്പുറം റൂട്ടിലെ ഞറുകുറ്റിക്കും കുന്നത്തിനും ഇടയിലെ വളവിൽ വച്ച് ഉച്ചക്ക് 12.45 ഓടെയാണ് അപകടം. അപകടത്തിൽപ്പെട്ടവർ ഞറുകുറ്റിയിലെ ഫർണ്ണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ബീഹാർ സ്വദേശികൾ ആണന്നാണ് സുചന വെള്ളിയാഴ്ച്ച നിസ്കാരത്തിനായി കുന്നം കവലയിലെ പള്ളിയിലേക്ക് കാൽനടയായി പോകും വഴി പിന്നിൽ നിന്നെത്തിയ ബസ് മൂവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ ഓടിയെത്തിയവർ മൂവരെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ രണ്ട് പേരെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർ ദിശയിലെ കാഴ്ച്ച മറയ്ക്കും വിധം റോഡിലേക്ക് ചെടികൾ വളർന്ന് നിൽക്കുന്ന കൊടും വളവിൽ വച്ചാണ് അപകടം നടന്നത്. അതേ സമയം ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നും ആരോപണമുണ്ട്. അപകടം ഉണ്ടായ ഉടൻ തന്നെ ബസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.