ചണ്ഡിഗഡ്: നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ മർദിച്ച സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ. പഞ്ചാബിലെ കപൂർത്തല സ്വദേശിനി കുൽവീന്ദർ കൗറിനെയാണ് അറസ്റ്റ് ചെയ്തത്.
സംഭവമുണ്ടായ ഉടൻ ഇവരെ കേന്ദ്ര സേന സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ഉൾപ്പെടെ നടപടികൾ പഞ്ചാബ് പൊലീസ് വൈകിക്കുന്നുവെന്ന ആരോപണമുയർന്നു. ഇതിനിടെയാണു നടപടി.
എൻ.ഡി.എ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു ഡൽഹിയിലേക്കു പോകാൻ കഴിഞ്ഞ ദിവസം ചണ്ഡിഗഡ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് രക്ഷാസേനാംഗം കങ്കണയുടെ കരണത്തടിച്ചത്.
ഡൽഹിയിൽ സമരം നടത്തിയ കർഷകർ 100 രൂപ കൂലിക്ക് വന്നവരാണെന്ന കങ്കണയുടെ ആരോപണത്തിൽ പ്രതിഷേധിച്ചായിരുന്നു മർദനമെന്നാണ് കുൽവീന്ദറിന്‍റെ വാദം.
ഇവരുടെ സഹോദരൻ പഞ്ചാബിലെ ഒരു കർഷക സംഘടനയുടെ നേതാവാണ്. തന്‍റെ അമ്മയും ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തെന്നും ഇവർ പറയുന്നു.
അമ്മയോടുള്ള ആദരവ് അടിയറവയ്ക്കാനാവില്ലെന്നും അതിനായി ആയിരം ജോലികൾ നഷ്ടപ്പെടുത്താനും തയാറാണെന്നുമാണ് കുൽവീന്ദറിന്‍റെ പ്രതികരണം.