ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പു വച്ചത് കർഷക ക്ഷേമ പദ്ധതിയായ “പി.എം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലിൽ. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ ശേഷമാണ് മോദി ഫയലിൽ ഒപ്പിട്ടത്.
കിസാൻ നിധിയുടെ 17ആം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് അദ്ദേഹം ഒപ്പു വച്ചത്. ഏകദേശം 20,000 കോടി രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 9.3 കോടി കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് പ്രയോജനം ലഭിക്കും.
2019ലെ രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് കിസാൻ സമ്മാൻ നിധിയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രതിവർഷം 6,000 രൂപയാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുക.