തിരുവനന്തപുരം: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ. ”നയിക്കാൻ നായകൻ വരട്ടെ” എന്നാണ് പോസ്റ്ററിലെ ആഹ്വാനം. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരളിയെന്നും പോസ്റ്റർ പറയുന്നു.
കെ.പി.സി.സി – ഡി.സി.സി ഓഫീസുകൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ മുരളീധരന് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തും കോഴിക്കോട്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.
”പ്രിയപ്പെട്ട കെ.എം, നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ്” എന്നായിരുന്നു കോഴിക്കോട്ടെ പോസ്റ്ററിലുണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ എന്നായിരുന്നു കൊല്ലത്തെ പോസ്റ്റർ.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മുരളീധരന്‍റെ വോട്ടുകൾ കുത്തനെ കുറയുകയും സുരേഷ് ഗോപി മുക്കാൽ ലക്ഷത്തോളം വോട്ടിനു ജയിക്കുകയും ചെയ്തിരുന്നു.
ഇവിടെ സി.പി.ഐ സ്ഥാനാർഥി വി.എസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മുരളിക്കു മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചിരുന്നത്.
മുരളിയുടെ കനത്ത പരാജയത്തിൽ പാർട്ടിയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന തരത്തിൽ സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ ചർച്ചകൾ ഉയർന്നതിനു പിന്നാലെ, ഇതേകുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു.