ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.
ബി.ജെ.പിയില്‍ ഉടലെടുത്ത അഹങ്കാരമാണ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമായതെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ശ്രീരാമന്റെ ഭക്തര്‍ ക്രമേണ അഹങ്കാരികളായി മാറി.
ഏറ്റവും വലിയ പാര്‍ട്ടിയായി വളരുകയും ചെയ്തു. എന്നാല്‍ രാമന്‍ 240ല്‍ നിര്‍ത്തി, ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരിലെ കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതും ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണിപ്പൂരിലെ ഇടപെടലിനെ കുറിച്ചും പൊതുസേവനത്തിലുള്ള പെരുമാറ്റത്തെ കുറിച്ചുമെല്ലാം മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടുകയുണ്ടായി.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണിപ്പൂരിലേക്ക് ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് മോഹന്‍ ഭഗവത് ബി.ജെ.പിക്ക് നല്‍കിയത്.
ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം നിലച്ചിരിക്കുകയാണെന്നും ഇനിയുള്ള ശ്രദ്ധ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് കേന്ദ്രീകരിക്കണമെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. അതേസമയം, പ്രതിപക്ഷം ശ്രീരാമ വിരുദ്ധരാണെന്നും പേര് പറയാതെ ഇന്ദ്രേഷ് കുമാര്‍ പരാമര്‍ശിച്ചു.