Timely news thodupuzha

logo

മുംബൈ സ്‌ഫോടനക്കേസിൽ നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുകയാണെന്ന് കുറ്റാരോപിതർ

മുംബൈ: 2006 ജൂലൈ 11 ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിലെ കുറ്റാരോപിതർ തങ്ങൾ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അറിയിച്ചു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ, തീവ്രവാദവുമായി ബന്ധപ്പെട്ട ഇത്തരം കേസുകളിൽ വർഗീയ പക്ഷപാതവും അന്വേഷണ വീഴ്ചയും ആരോപിച്ചു. അന്വേഷണത്തിൽ പക്ഷപാതമുണ്ട്. നിരപരാധികളെ ജയിലിലേക്ക് അയയ്ക്കുന്നു, വർഷങ്ങൾക്ക് ശേഷം, തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയക്കുന്നു.

അപ്പോഴേക്കും അവരുടെ ജീവിതം പുനർനിർമ്മിക്കാനുള്ള സാധ്യതയില്ല, ”മുരളീധർ വാദിച്ചു. കുറ്റസമ്മത മൊഴിയെടുക്കാൻ കേസ് അന്വേഷിച്ച സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പ്രതികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു ദിവസം പോലും പുറത്തിറങ്ങാതെ പതിനെട്ട് വർഷം ജയിലിൽ. അവരുടെ ജീവിതത്തിലെ പ്രധാന ഘട്ടം പോയെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വെറുതെവിട്ട് അവരുടെ ശിക്ഷകൾ റദ്ദാക്കിക്കൊണ്ട് ഉള്ള ഉത്തരവ് ഉണ്ടാകണമെന്ന് അദ്ദേഹം വാദിച്ചു.

തീവ്രവാദത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പരാജയം സംഭവിച്ചതായി മുരളീധർ ആരോപിച്ചു, ആദ്യം, ഇത്തരം സംഭവങ്ങളിൽ നമുക്ക് ജീവൻ നഷ്ടപ്പെടുന്നു, പിന്നീട് നിരപരാധികൾ അറസ്റ്റിലാകുന്നു. വർഷങ്ങളുടെ തടവിന് ശേഷം, പ്രതികൾ എന്ന് ആരോപിക്കപെട്ടവർ കുറ്റവിമുക്തരാകു ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള സന്ദർഭങ്ങളിൽ, എല്ലായ്പ്പോഴും ഒരു വർഗീയ പക്ഷപാതവും ഉണ്ട്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കഴിഞ്ഞ അഞ്ച് മാസമായി കേസിലെ അപ്പീലുകൾ പരിഗണിക്കുന്നത്.

ശിക്ഷാവിധികൾക്കും ശിക്ഷകൾക്കുമെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകളും 2015-ൽ വിചാരണക്കോടതി വിധിച്ച അഞ്ച് പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷയും ഇതിൽ ഉൾപ്പെടുന്നു. 2015 മുതൽ കേസ് തീർപ്പാക്കാതെ കിടക്കുകയായിരുന്നു, 11 വ്യത്യസ്ത ബെഞ്ചുകൾ വാദം കേൾക്കുന്നത് വൈകി.

2024-ൽ, വധശിക്ഷ നേരിടുന്ന കുറ്റവാളികളിലൊരാളായ എത്തിഷാം സിദ്ദിഖി, അപ്പീലുകൾ നേരത്തെ കേൾക്കാനും തീർപ്പാക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി.

വിചാരണക്കോടതി 2015-ൽ 12 പേരെ ശിക്ഷിച്ചിരുന്നു. അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. 2006 ജൂലൈ 11 ന് മുംബൈയിലെ വെസ്റ്റേൺ ലൈൻ ലോക്കൽ ട്രെയിനുകളിൽ ഏഴ് സ്ഥലങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *