Timely news thodupuzha

logo

മലങ്കരയിൽ വഴിയാത്രക്കാർക്ക് അപകട സാധ്യത സൃഷ്ടിച്ച് റോഡിലെ കാഴ്ച്ച മറച്ച് വള്ളിപ്പടർപ്പുകളും മരത്തിന്റെ ശിഖരങ്ങളും

മലങ്കര: പെരുമറ്റത്തിന് സമീപം പുഴയുടെ തീരത്ത് റോഡിന് വീതി കൂട്ടിയ ഭാഗത്ത് വള്ളിപ്പടർപ്പുകളും മരത്തിന്റെ ശിഖരങ്ങളും വളർന്നത് റോഡിലെ കാഴ്ച്ച മറച്ച് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി.

റോഡിന്റെ ഇരു വശങ്ങളിലേയും സീബ്രാ ലൈനുകൾ കാണാത്ത വിധത്തിലാണ് വള്ളിപ്പടർപ്പും പാഴ് മരത്തിന്റെ ശിഖരങ്ങളും റോഡിലേക്ക് വളർന്ന് പന്തലിച്ചിട്ടുള്ളത്. തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട, പാല പ്രദേശങ്ങളിലേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരത്താണ് ഇത്തരത്തിൽ അപകട സാധ്യതയുള്ളത്.

ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് റോഡിലെ വിദൂര കാഴ്ച്ച കാണാൻ സാധിക്കാത്ത അവസ്ഥയാണ്‌ ഇവിടെ. റോഡിന്റെ വശങ്ങളിലെ വെള്ള വരകൾ പോലും കാണാൻ കഴിയാത്തതിനാൽ കാൽനട യാത്രക്കാരും ഭീതിയോടെയാണ്‌ ഇതിലെ സഞ്ചരിക്കുന്നത്.

വാഹനങ്ങൾ കടന്ന് വരുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങി നിൽക്കാൻ പോലും കഴിയാത്ത വിധമാണ് റോഡിലേക്ക് വള്ളിപ്പടർപ്പും മറ്റും വളർന്നിരിക്കുന്നത്.

ഇഞ്ചമുൾച്ചെടിയുടെ ശിഖരങ്ങൾ മീറ്ററുകളോളം ദൂരത്തിൽ റോഡിലേക്ക് വളർന്ന് പന്തലിച്ചത് ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്. പുഴയിലേക്ക് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതിനെ തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം മുട്ടം പഞ്ചായത്തിന്റെ മുൻ ഭരണ സമിതി 4 ലക്ഷത്തോളം പണം മുടക്കി ഇവിടെ കമ്പി വേലി സ്ഥാപിച്ചിരുന്നു.

എന്നാൽ ഇഞ്ചമുൾ ചെടിയും വള്ളിപ്പടർപ്പും വളർന്ന് കമ്പി വേലി പൗർണ്ണമായും നാശത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്‌. പ്രശ്ന പരിഹാരത്തിന് പൊതു മരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *