പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബപ്രശ്നം തീർക്കാനായി പൂജ നടത്താനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.
മഞ്ചേരി സ്വദേശി മൈമുന(44), എസ് ശ്രീജേഷ്(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് പരാതി നൽകിയത്. കൊല്ലങ്കോട്ടെ ജ്യോത്സ്യൻറെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മൈമുന മറ്റൊരു യുവാവിനൊപ്പം എത്തിയത്.
ഭർത്താവുമായുള്ള പിണക്കം തീർക്കാൻ പൂജ ചെയ്യണമെന്നും അതിനായി വീട്ടിലേക്ക് വരണമെന്നുമായിരുന്നു ആവശ്യം. ഇതു പ്രകാരം ബുധനാഴ്ച രാവിലെ 11 മണിയോടെ ജ്യോത്സ്യൻ ഇവരുടെ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തി.
പൂജ ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെ യുവാക്കൾ അസഭ്യം പറഞ്ഞു കൊണ്ട് ജ്യോത്സ്യനെ മുറിയിലേക്ക് നിർബന്ധമായി കൊണ്ടു പോകുകയായിരുന്നു. ജ്യോത്സ്യനെ വിവസ്ത്രനാക്കിയതിനു ശേഷം നഗ്നയായെത്തിയ മൈമുനയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പകർത്തി.
ഇവ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിലുണ്ടായിരുന്ന നാല് പവൻറെ മാലയും മൊബൈൽ ഫോണും 2000 രൂപയും കവർന്നുവെന്നും ജ്യോത്സ്യൻ പരാതിയിൽ പറയുന്നു. വീണ്ടും 20 ലക്ഷം രൂപ കൂടി സംഘം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ആകസ്മികമായി സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘം ചിതറിയോടി. ആ അവസരം ഉപയോഗപ്പെടുത്തി ജ്യോത്സ്യൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചാണ് പ്രദേശത്ത് പൊലീസ് എത്തിയത്.
ചിതറിയോടിയ ഹണി ട്രാപ്പ് സംഘത്തിലെ ഒരു സ്ത്രീ മദ്യലഹരിയിൽ വഴിയരികിൽ വീണു പോയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തതോടെ സ്ത്രീ അസഭ്യം പറയാൻ തുടങ്ങി.
പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് ഹണി ട്രാപ്പിൻറെ വിവരങ്ങൾ പുറത്തു വന്നത്. തൊട്ടു പുറകേ ജ്യോത്സ്യൻ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി പരാതി നൽകി. 9 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.