പത്തനംതിട്ട: പീഡന പരാതിയെ തുടര്‍ന്ന് പുറത്താക്കിയ നേതാവിനെ തിരിച്ചെടുത്ത് സി.പി.ഐ.എം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.സി സജിമോനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.
സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദ് ചെയ്തു. ഒരു വര്‍ഷത്തേക്കായിരുന്നു സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഒരു വിഷയത്തില്‍ രണ്ട് നടപടി വേണ്ട എന്നാണ് കണ്‍ട്രോള്‍ കമ്മീഷന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് ഇത് സജിമോനെ തിരിച്ചെടുക്കുന്നത്.
2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്.
2022ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. കെ.കെ ശൈലജ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്. ഈ നടപടിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദാക്കിയത്.