കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്.
ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു.
കുമരകത്ത് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടു. കാറ്റിൽ റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം വിട്ടു. ഓട്ടോറിക്ഷ ദിശമാറി പാടത്തേക്ക് മറിഞ്ഞു.
കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലാണ് സംഭവം. ബൈക്കുകളും കാറുകളുമടക്കം കാറ്റിന്‍റെ ശക്തിയിൽ ദിശ തെറ്റി. അപകടത്തിൽപെട്ട വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് അപകടങ്ങളുണ്ടായിട്ടില്ല.
പരസ്യ ബോർഡുകളും തകർന്ന് നാശനഷ്ടമുണ്ടായി. 60 ഓളം ഏത്തവാഴ ഉൾപ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. സമീപത്തെ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഓഫീസിന്റെ ചില്ലുകൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസപ്പെട്ടു.