Timely news thodupuzha

logo

ടി20 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

പ്രൊവിഡൻസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 68 റൺസിന് അനായാസം കീഴടക്കിയ ഇന്ത്യ, ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ യോഗ്യത നേടി. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്.

വിരാട് കോഹ്ലിയെ(9 പന്തിൽ 9) ഓപ്പണറാക്കിക്കൊണ്ടുള്ള പരീക്ഷണം വീണ്ടും പരാജയമായപ്പോൾ ഇന്ത്യക്ക് മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടം. വിക്കറ്റിലെ ലോ ബൗൺസ് ചതിച്ചപ്പോൾ ഋഷഭ് പന്തിനും(4) ക്രീസിൽ അധികം ആയുസുണ്ടായില്ല.

എന്നാൽ, അവിടെ വച്ച് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ചേർന്ന സൂര്യകുമാർ യാദവ് സ്കോർ ബോർഡ് ചലിപ്പിച്ചു തുടങ്ങി. പിച്ചിന്‍റെ സ്വഭാവം മനസിലാക്കി കരുതലോടെ കളിച്ചെങ്കിലും, റൺ റേറ്റ് പരിധിയിൽ താഴാതെ രോഹിത് ശർമയും മുന്നേറി.

84 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ ചേർത്തത്. 39 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 57 റൺസെടുത്ത രോഹിത് ശർമ, ടൂർണമെന്‍റിൽ തന്‍റെ മൂന്നാം അർധ സെഞ്ചുറിയാണ് കണ്ടെത്തിയത്.

ആർച്ചറുടെ സ്ലോ ബോളിൽ കുടുങ്ങും മുമ്പ് സൂര്യ 36 പന്തിൽ 47 റൺസെടുത്തിരുന്നു. നാല് ഫോറും രണ്ട് സിക്സും ഉൾപ്പെട്ട ഇന്നിങ്ങ്സ്. തുടർന്ന് വന്ന ഹാർദിക് പാണ്ഡ്യയും (13 പന്തിൽ 23) രവീന്ദ്ര ജഡേജയും (9 പന്തിൽ പുറത്താകാതെ 17) അക്ഷർ പട്ടേലും (6 പന്തിൽ 10) ആവുന്ന സംഭാവനകൾ നൽകിയപ്പോൾ സ്കോർ 171/7 – ഈ നിലയിലെത്തി.

ഇതിനിടെയും ‘സ്പെഷ്യലിസ്റ്റ് സ്പിൻ ഹിറ്റർ’ ശിവം ദുബെ നേരിട്ട ആദ്യ പന്തിൽ തന്നെ ‘സംപൂജ്യൻ’ ആയി മടങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് മൂന്നോവർ വരെ മാത്രമാണ് കാര്യങ്ങൾ അനുകൂലമായിരുന്നത്.

നാലാം ഓവർ എറിയാനെത്തിയ അക്ഷർ പട്ടേലിന്‍റെ ആദ്യ പന്തിൽ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ബട്ലർ(15 പന്തിൽ 23) എഡ്ജ് ചെയ്ത പന്ത് ഋഷഭ് പന്തിന്‍റെ കീപ്പിങ് ഗ്ലൗസിൽ ഭദ്രമായി വിശ്രമിച്ചു.

തുടർന്നിങ്ങോട്ട് ഇന്ത്യൻ ബൗളർമാരും ഫീൽഡർമാരും മാത്രമായിരുന്നു ചിത്രത്തിൽ. ഫിൽ സോൾട്ടിനെ(5) ജസ്പ്രീത് ബുംറ ക്ലീൻ ബൗൾ ചെയ്തപ്പോൾ, മൊയീൻ അലിയെ അക്ഷറിന്‍റെ പന്തിൽ ഋഷഭ് സ്റ്റമ്പ് ചെയ്തു.

ജോണി ബെയർസ്റ്റോയെ(0) ക്ലീൻ ബൗൾ ചെയ്ത അക്ഷർ രണ്ടാം സെമി തന്‍റേതാക്കി മാറ്റി. കുൽദീപ് യാദവിന്‍റെ ഊഴമായിരുന്നു പിന്നീട്. സാം കറനെ(2) വിക്കറ്റിന് മുന്നിൽ കുടുക്കിയായിരുന്നു തുടക്കം.

ഹാരി ബ്രൂക്കിന്‍റെ കാമിയോ ഇംഗ്ലണ്ടിന് പ്രതീക്ഷ പകർന്നെങ്കിലും, 18 പന്തിൽ 25 റൺസ് മാത്രമാണ് ഇന്നിങ്സ് നീണ്ടത്. കുൽദീപിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടിയ ബ്രൂക്ക് ഷോട്ട് ആവർത്തിക്കാൻ ശ്രമിച്ച് തൊട്ടടുത്ത പന്തിൽ ബൗൾഡാകുകയായിരുന്നു.

ലിയാം ലിവിങ്സ്റ്റണും(11) ആദിൽ റഷീദും(2) ഇന്ത്യൻ ഫീൽഡിങ് മികവിനു മുന്നിൽ റണ്ണൗട്ടായപ്പോൾ, ജോഫ്ര ആർച്ചറെ(21) ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി ഇംഗ്ലിഷ് ഇന്നിങ്ങ്സിന് തിരശീലയിട്ടു. അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്.

Leave a Comment

Your email address will not be published. Required fields are marked *