ന്യൂഡൽഹി: ആർബിഐയും സെബിയും അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച്, വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായ പ്രകടനം നടത്തി.
കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം തേടുന്ന തരത്തിലുള്ള ഒന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. കാരണം, അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്മയല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.