Timely news thodupuzha

logo

ഇടുക്കിയിൽ 10 വയസ്സുകാരൻ തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

ഇടുക്കി: വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ കഴുത്തിൽ തുണി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൽ അജി – സന്ധ്യ ദമ്പതികളുടെ മകൻ ദേവാനന്ദാണ്(10) മരിച്ചത്.

വ്യാഴാഴ്ച്ച രാത്രി ആയിരുന്നു സംഭവം. അച്ഛൻ അജി രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ ബെഡ് ഷീറ്റ് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മ സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ ഇവരുടെ വീട്ടിലാണ് താമസം.

സംഭവ സമയത്ത് ദേവാനന്ദ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്ത് തന്നെയുള്ള ഇവരുടെ ബന്ധുവീട്ടിൽ ഭക്ഷണം കഴിക്കുന്നതിനായി കുട്ടി ചെന്നിരുന്നു.

ഇതിന് ശേഷം സ്വന്തം വീട്ടിലെത്തി. കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങിയതാകാമെന്നാണ് സൂചന. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദ പരിശോധന നടത്തി.

മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. വെണ്മണി സെന്റ് ജോർജ് യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവാനന്ദ്.

Leave a Comment

Your email address will not be published. Required fields are marked *