തിരുവനന്തപുരം: രാജസ്ഥാനിൽ മരിച്ച ബി.എസ്.എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചത് തിരിച്ചറിയാനാകാത്തവിധം ജീർണിച്ച നിലയിൽ. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച ബന്ധുക്കൾ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ചെക്കടി പൂവാർ കുളംവെട്ടി എസ്.ജെ ഭവനിൽ സാമുവലാണ്(59) മരിച്ചത്.
24ന് ഉച്ചയ്ക്ക് ശേഷം രാജസ്ഥാനിലെ വാഡ്‌മീറിൽ ഡ്യൂട്ടിയിലിരിക്കെ ഹൃദയാഘാതംമൂലം മരിച്ചതായി അന്ന് വൈകിട്ട് ബി.എസ്.എഫ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധൻ രാവിലെ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി ഒമ്പതരയോടെ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നതിന് ഇടയിലാണ് അഴുകിയത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ ഇവർ വിസമ്മതിച്ചു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകി. ഡിഎൻഎ പരിശോധനയ്ക്കും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴം ഉച്ചയോടെ മെഡിക്കൽ കോളേജിൽ റീപോസ്റ്റുമോർട്ടം നടത്തി.
ഇൻക്വസ്റ്റിന് ശേഷം പകൽ മൂന്നിന് ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ 4.40 വരെ നീണ്ടു. ഡി.എൻ.എ പരിശോധനാ ഫലം വന്ന ശേഷം മാത്രം മൃതദേഹം ഏറ്റുവാങ്ങൂവെന്നാണ് ബന്ധുക്കളുടെ തീരുമാനം.
രാജസ്ഥാനിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. എന്നാൽ സാമുവേൽ ധരിച്ചിരുന്ന വസ്ത്രം പോലും മാറ്റാതെയാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും മൃതദേഹം ജീർണാവസ്ഥയിലായത് സൈനികനോടുള്ള അനാദരവാണെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം എംബാം ചെയ്തതിലുള്ള പിഴവാകാം മൃതദേഹം ജീർണിക്കാൻ കാരണമെന്നാണ് ഡോക്ടർമാരുടെ സംശയം. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയ സാമുവേൽ ഈ മാസം 18നാണ് തിരികെ പോയത്. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് മരിച്ചത്. ഭാര്യ: ജാസ്മിൻ ലൗലി. മക്കൾ: നീന, മീന. മരുമക്കൾ: വിനീത്, സുജിത്.