ചെന്നൈ: നിരോധിത ഭീകര സംഘടന ഹിസ്‌ബുത്-തഹ്‌രീറുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പത്തു കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി(എൻ.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തു.
തഞ്ചാവൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, മുജീബുർ റഹ്മാൻ(മുജീബുർ റഹ്മാൻ അൽത്തം സാഹിബ്) എന്നിവരാണ് അറസ്റ്റിലായത്. ഹിസ്ബുത് തഹ്‌രീർ സ്ഥാപകൻ തഖി അൽ ദിൻ അൽ നഭാനിയുടെ ആഹ്വാന പ്രകാരം ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് എൻ.ഐ.എ.
അറസ്റ്റിലായവർ രഹസ്യമായി ക്ലാസുകൾ നടത്തുകയും യുവാക്കളെ മതമൗലികവാദത്തിലേക്കും ഭീകര പ്രവർത്തനത്തിലേക്കും ആകർഷിക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഇവർ ചിത്രീകരിക്കുകയാണെന്നും അന്വേഷണ ഏജൻസി. ഇവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തു.
പുതുക്കോട്ടയിലെ മണ്ടയൂരിൽ കൃഷിഭൂമി പാട്ടത്തിനെടുത്ത അബ്ദുൾ ഖാൻ, തഞ്ചാവൂരിലെ അമ്മാൾ നഗറിനു സമീപം കുളന്ത സ്വദേശി അഹമ്മദ് എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിരോധിത സംഘടനയായ സിമിയുടെ അംഗമായിരുന്നു ഖാൻ. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിയാണ് ഇയാൾ.