തിരുവനന്തപുരം: അനിശ്ചിതത്വത്തിന് വിരാമമിട്ട് തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. നിയമസഭയിൽ ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഗവർണർ ബില്ലിൽ ഒപ്പുവച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡുവീതം വർധിപ്പിക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് ഇറക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻറെ പേരിൽ ഗവർണർ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുകയായിരുന്നു.
അതിലും തീരുമാനം വൈകിയപ്പോഴാണ് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ചതും പ്രതിപക്ഷബഹളത്തിനിടെ ചർച്ചയൊന്നുമില്ലാതെ പാസാക്കിയതും. തുടർന്നാണ് സബജക്ട് കമ്മിറ്റിക്കുവിടാതെ ബില്ലുകൾ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഗവർണർക്ക് പരാതി നൽകിയത്.
ഇതിനിടെ സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ.
ഐ.എ.എസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവർ അംഗങ്ങളാണ്. പുനർനിർണയ കമ്മിഷൻ നിലവിൽ വന്നിട്ടും വാർഡുകളുടെ എണ്ണം പുതുക്കുന്ന നിയമഭേദഗതിക്കുള്ള ഭേദഗതിബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടാതെ മാറ്റിവെച്ചതോടെ വാർഡ് വിഭജനം പ്രതിസന്ധിയിലായിരുന്നു.