തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗുഢാലോചന നടന്നതായി പ്രമോദ് കോട്ടൂളി. കൃത്യമായ തിരക്കഥയുടെ ഭാഗമായാണ് പുറത്താക്കൽ നടപടി.
ഈ തിരക്കഥ തയാറാക്കിയത് പാർട്ടിക്ക് ഉള്ളിൽ നിന്നാണോ പുറത്ത് നിന്നാണോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പാർട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല.
തെളിവുകളുടെ അടിസ്ഥാനത്തിലല്ല, നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയത്. ഇത്തരമൊരു വ്യാജ വാർത്ത പരത്തിയത് ആരാണെന്ന് പാർട്ടി അന്വേഷിക്കണമായിരുന്നു.
ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു.
ശ്രീജിത്ത് തനിക്ക് ഇതുമായി യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അദ്ദേഹവുമായി യായൊരു പണമിടപാടും നടന്നിട്ടില്ല. കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പാർട്ടിക്ക് പരാതി നൽകും. ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിൽ ശ്രീജിത്ത് എന്ന വ്യക്തിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്.
തന്നെ അറിയാതെ ആണ് പാർട്ടി യോഗം ചേർന്നത്. പുറത്തായത് താൻ അറിഞ്ഞത് പോലും പത്ര പ്രസ്താവനയിലൂടെയാണെന്നും ഇത് പാർട്ടി രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.