ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തിൽ സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരായ ഹർജിയും സുപ്രീം കോടതി തള്ളി.
ജനുവരി മൂന്നിലെ ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. അദാനിക്ക് ആശ്വാസമാകുന്നതാണ് വിധി. വിവാദത്തെ കുറിച്ച് സി.ബി.ഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
സെബി 24 വിഷയങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് നേരിട്ട് കോടതിയെ അറിയിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണം പൂർത്തീകരിച്ചോയെന്ന് വ്യക്തമല്ലെന്നുമായിരുന്നു പൊതുതാൽപ്പര്യ ഹർജിയിലെ ആരോപണം.
സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തലോ നടപടിയോ ഇല്ലെന്നും ഹർജിക്കാർ പറയുന്നു. എന്നാൽ, 24 വിഷയങ്ങളിൽ 22ലും സെബി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയെന്ന് കോടതി പറഞ്ഞു. മറ്റൊരു അന്വേഷണത്തിൻറെ ആവശ്യമില്ലെന്നും സുപ്രീം കോടതി അറിയിച്ചു.