തൊടുപുഴ: തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടണമെന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയായവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരിങ്കുന്നം സ്വദേശി മനുമോൻ ജോസ്, പാലാ സ്വദേശി രാജേഷ് ഐ.വി എന്നിവരാണ് സംഘത്തിന്റെ തലവന്മാരെന്നും ഈ പ്രദേശങ്ങൾ കേന്ദീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും ഇവർ ആരോപിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നായി 130ഓളം ആളുകളിൽ നിന്ന് 4 കോടിയോളം രൂപ തട്ടിയെടുത്താതയും ആക്ഷൻ കൗൺസിൽ അറിയിച്ചു. സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും ജൂലൈ 21ന് കൺവെൻഷൻ നടത്തുമെന്നും ഇവർ വ്യക്തമാക്കി.
തട്ടിപ്പിന് ഇതയായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും സ്തീകളുമാണ്. വിദേശത്ത് ഒരു ലക്ഷം രൂപ മുതൽ മൂന്നര ലക്ഷം വരെ ശമ്പളം ലഭിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ആദ്യ ഗഡുവായി ശമ്പളത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഓരാരോരുത്തരിൽ നിന്നുമായി 50,000/- മുതൽ 5 ലക്ഷം വരരെയാണ് കൈക്കലാക്കിയിട്ടുള്ളത്. വൻ തുക ശമ്പളം ലഭിക്കുന്ന ഇസ്രായേൽ കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് 18 ലക്ഷം രൂപയാണ് ചിലവ് വരിക, അതിൽ നിശ്ചിത തുക കഴിഞ്ഞ് ബാക്കി തുക ലോൺ ആയി ഇവർ തന്നെ നൽകുന്നു എന്നതാണ് തട്ടിപ്പിൽ വീഴാനുള്ള പ്രധാന കാരണം. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ പ്രവർത്തിച്ച് വന്നിരുന്ന രാജേഷിന്റെ എ.ആർ കൺസൾട്ടൻസിയെന്ന സ്ഥാപനത്തിലേക്കാണ് മിക്കവാറും മനുവും മറ്റ് സംഘാംഗങ്ങളും ഇരകളെ വിളിച്ച് കൊണ്ടു പോയിക്കൊണ്ടിരുന്നത്. തുടർന്ന് വളരെ വിശ്വസനീയമായ തരത്തിൽ ഇരകളെ പറഞ്ഞ് ബോധി പ്പിച്ച് വശത്താക്കുന്ന രീതിയാണ് ഇവരുടേത്. വളരെ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചിട്ടുള്ള ഇവരെ കണ്ടാൽ സുമുഖരും ശാന്തരും നല്ല രീതിയിൽ ലാളിത്യത്തോടെ സംസാരിക്കുന്നവരും ആയി തോന്നുന്നതിനാൽ വരുന്നവർ പെട്ടെന്ന് ചതിയിൽ അകപ്പെടും. സംസാരിച്ച് ഉറപ്പിച്ചാൽ പിന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇവർ തന്നെ മുൻകൈയെടുത്ത് ഇരകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. നടുവിലേപ്പറമ്പിൽ മനുമോൻ ജോസ് കരിങ്കുന്നം സ്വദേശിയും പയ്പാർ കരിങ്ങാട്ട് രാജേഷ് ഐ.വി പാലാ സ്വദേശിയുമാണ്.
മനുവിനെയും രാജേഷിനെയും ഉടൻ അറസ്റ്റ് ചെയ്യുക, തട്ടിപ്പിനിരയായവർ നൽകിയിട്ടുള്ള മുഴുവൻ പരാതികളിലും പോലീസ് കൃത്യമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുക, മനുവിന്റെയും രാജേഷിന്റെയും മുഴുവൻ സ്വത്തുക്കളും സ്ഥാവര ജംഗമ വസ്തുക്കളും അടിയന്തിരമായി കണ്ടുകെട്ടുക, ഇരകളുടെ നഷ്ടപ്പെട്ട പണം തിരികെ നൽകുക, ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, ബന്ധുമിത്രാദികളുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ സ്രോതസ്സ് കണ്ടെത്തുക, കേരളത്തിലുടനീളം ഇവർ മുഖേന തട്ടിപ്പിനിരയായ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ കൗൺസലിംഗ് നൽകി കുടുംബത്തെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക, മനുവിനെയും രാജേഷിനെയും കൊടും കുറ്റവാളികളായി പ്രഖ്യാപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കം ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുവാനും അതിന്റെ മുന്നോടിയായി ജൂലൈ 21ന് തൊടുപുഴയിൽ വിപുലമായ കൺവൻഷൻ നടത്തുവാനും തീരുമാനിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അനിൽകുമാർ പി.പി, ചെയർമാൻ ഡേവീസ്, മനു വി.സി, ലെതീഷ്, ശ്യാം, സജീവ്, ലാലി എന്നിവർ പങ്കെടുത്തു.