Timely news thodupuzha

logo

ആസിഫ് അലിയെ അപമാനിച്ച സംഭവം; രമേഷ് നാരായണന്‍ ക്ഷമ ചോദിച്ചു

തിരുവനന്തപുരം: നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വ്യാപക വിമർശനത്തെ തുടർന്ന് ക്ഷമ ചോദിച്ച് രംഗത്തെത്തി.

ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് സിനിമാ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം രംഗത്തെത്തിയതിന് പിന്നാലെയാണ് രമേശ് നാരായണന്‍റെ ക്ഷമാപണം.

നടൻ ആസിഫ് അലിഅപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സംഗീത സംവിധായകൻ രമേഷ് നാരായണൻ പറഞ്ഞു. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് താനാണ്.

ട്രെയ്‌ലര്‍ ലോഞ്ചിന് വേദിയിലേക്കു ക്ഷണിക്കാതിരുന്നത് ചെറിയ വേദനയുണ്ടാക്കി. അതിന് ശേഷം തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം സംഘാടനകരെ അറിയിക്കുകയും ചെയ്തു.

ആസിഫ് അലിയാണ് പുരസ്കാരം തരുന്നതെന്ന് തനിക്കറിയില്ലായിരുന്നു. അനൗൺസ്‌മെന്‍റ് താൻ കേട്ടില്ല. ആസിഫ് മൊമന്‍റോ തരാനാണ് ഓടിവന്നതെന്ന് മനസിലായില്ല. തനിക്ക് വലിപ്പച്ചെറുപ്പമില്ല. താന്‍ വേദിയിലായിരുന്നില്ല നിന്നത്.

വേദിയിലാണെങ്കില്‍ ഒരാള്‍ വരുന്നത് മനസിലാകുമായിരുന്നു. ആസിഫ് തന്‍റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ആസിഫിനോട് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആസിഫ് അലിയ്ക്ക് പിന്തുണയുമായി താര സംഘടനയായ അമ്മയും രംഗത്തെത്തി. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണമറിയിച്ചത്. ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതമെന്ന പോസ്റ്റ് സിദ്ദിഖ് പങ്കുവെച്ചു.

എം.റ്റി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.

എന്നാൽ രമേശ് നാരായണൻ ആസിഫിനെ അവഗണിക്കുകയും അദ്ദേഹം നൽകിയ പുരസ്കാരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന് കൈമാറുകയും തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *