മുംബൈ: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ കൂടുന്നതിനിടെ സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് കർഷകൻറെ പ്രതിഷേധം. വിദർഭ, മറാത്തവാഡമേഖലയിൽ കർഷക ആത്മഹത്യകൾ പെരുകുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിരിക്കുന്നത്.
കടം കയറി നട്ടംതിരിയുന്ന വാഷിമിലെ ഒരു കർഷകനാണ് തൻറെ അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സതീഷ് ഇഡോലെ എന്ന കർഷകൻ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ബോർഡിൽ അവയവങ്ങളുടെ വില പ്രദർശിപ്പിച്ച് വാഷിമിലെ തിരക്കേറിയ മാർക്കറ്റിൽ നടക്കുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ ആൾ, ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെതിരേ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുൻപേയാണ് അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് കർഷകർ പ്രതിഷേധിക്കുന്നത്.