Timely news thodupuzha

logo

ഇടുക്കിയില്‍ ചെറു ഡാമുകള്‍ തുറന്നു: ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

നിലവിൽ 772.85 ആണ് ജലനിരപ്പ്. അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ബാണാസുര സാഗര്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നിരിക്കുകയാണ്.

ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളെ സംബന്ധിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു. തൃശൂർ പത്താഴക്കുണ്ട് ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച ഉച്ചയക്ക് 12 മണിക്ക് തുറക്കും.

മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയിൽ മഴ കനത്തതിനാൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *