Timely news thodupuzha

logo

പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ എണ്ണ കമ്പനികൾ സമ്മർദം ചെലുത്തുന്നു

കൊച്ചി: റിഫൈനിങ്ങ് മാർജിനിലെ കനത്ത ഇടിവ് മറികടക്കാൻ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾ സമ്മർദം ശക്തമാക്കുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം 31,144 കോടിയിൽ നിന്ന് 7,200 കോടി രൂപയിലേക്ക് ഇടിഞ്ഞിരുന്നു.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികൾക്ക് അധിക ബാധ്യത സൃഷ്ടിക്കുകയാണ്.

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷം ശക്തമായതിനാൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് മുകളിൽ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടൊപ്പം രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവും വർധിപ്പിച്ചു.

ഐഒസിയുടെ റിഫൈനിങ് മാർജിൻ(ഉൽപ്പാദന ചെലവും വില്പന വിലയും തമ്മിലുള്ള അന്തരം) ഇത്തവണ 6.39 ഡോളറായാണ് താഴ്ന്നത്. മുൻവർഷം ജൂണിൽ മാർജിൻ 8.34 ഡോളറായിരുന്നു.

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ മാർജിൻ 7.44 ഡോളറിൽ നിന്ന് 5.03 ഡോളറായി താഴ്ന്നു. ഈ പ്രതികൂല സാഹചര്യം മറികടക്കാൻ ഇന്ധന വില വർധിപ്പിക്കാതെ മാർഗമില്ലെന്ന് കമ്പനികൾ പറയുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പ്രമുഖ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയുടെ അറ്റാദായത്തിൽ 70 മുതൽ 93 ശതമാനം വരെ ഇടിവുണ്ടായി.

രാജ്യാന്തര വിപണിക്ക് ആനുപാതികമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതിരുന്നതിനാൽ റിഫൈനിങ്ങ് മാർജിൻ കുറഞ്ഞതാണ് കമ്പനികൾക്ക് വിനയായത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഇക്കാലയളവിൽ 75 ശതമാനം ഇടിഞ്ഞ് 3,722. 63 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ 14,735.30 കോടി രൂപയായിരുന്നു അറ്റാദായം.

ഇന്ധന വില്പനയിൽ നിന്നുള്ള വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 2.19 ലക്ഷം കോടി രൂപയായി. ബി.പി.സി.എല്ലിന്‍റെ അറ്റാദായം അവലോകന കാലയളവിൽ 73 ശതമാനം കുറഞ്ഞ് 2,842.55 കോടി രൂപയിലെത്തി.

മുൻ വർഷം ഇക്കാലയളവിൽ 10,644.30 കോടി അറ്റാദായം നേടിയിരുന്നു. എച്ച്.പി.സി.എല്ലിന്‍റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി. മുൻ വർഷം ഇക്കാലയളവിൽ അറ്റാദായം 6,203.9 കോടി രൂപയായിരുന്നു. വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *