തൊടുപുഴ: മർച്ചന്റ്സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാര ദിനം സംഘടിപ്പിച്ചു. പ്രസിഡന്റ് രാജു തരണിയിൽ പതാക ഉയർത്തി.
തുടർന്ന് നടന്ന ചടങ്ങിൽ ചെറുകിട വ്യാപാര മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇ കൊമേഴ്‌സ് കമ്പനികളുടെ കടന്ന് വരവ്, ജി.എസ്.റ്റിയിലെ അപാകത, മാലിന്യ സംസ്കരണം തുടങ്ങിയവ ചെറുകിട വ്യാപരികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനെ കുറിച്ച് പ്രസിഡന്റ് സംസാരിച്ചു. ഏതാണ്ട് 50 ലക്ഷം തൊഴിലാളികൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ കച്ചവടം നിർത്തുന്ന സാഹചര്യത്തിൽ എത്തുമെന്നും, ഇത് പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി റ്റി.എൻ പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രെഷറർ ആർ രമേഷ്, ബ്ലോക്ക് പ്രസിഡന്റ എൻ.പി ചാക്കോ, ജോസ് വഴുതനപ്പിള്ളി, സാലി എസ് മുഹമ്മദ്, അനിൽകുമാർ പി.കെ, ഷെരീഫ് സർഗ്ഗം, നാസർ സൈര, ഷിയാസ്, ലിജോൺസ്, ശിവദാസ്, ജോസ് കളരിക്കൽ എന്നിവർ വ്യാപാര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കി .നവാസ് സി.കെ നന്ദി രേഖപ്പെടുത്തി. അതിനു ശേഷം തൊടുപുഴയിലെ ഒരു അനാഥാലയത്തിൽ ഉച്ചഭക്ഷണവും നൽകി.