പാരിസ്: ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെ ഹർജി സമർപ്പിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീല്‍ തളളി അന്താരാഷ്ട്ര കായിക കോടതി. ഇതോടെ വെള്ളി മെഡൽ ലഭിക്കുമെന്ന വിനേഷിന്‍റെയും ഇന്ത്യയുടെയും സ്വപ്നം തകർന്നു.
കോടതിയുടെ ഒറ്റവരി വിധിവന്നതായും വിശദമായ വിധിപകര്‍പ്പ് പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അപ്പില്‍ തളളിയതായി വിനേഷിന്റെ അഭിഭാഷകനെയും ഐ.ഒ.എ നേതൃത്വത്തെയും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കോടതിയുടെ വിശദമായ വിധി പിന്നീട് വരും. വ്യാഴാഴ്ച രാത്രി 9.30ന് വിധി പ്രഖ്യാപിക്കുമെന്നാണായിരുന്നു അന്താരാഷ്ട്ര കായിക കോടതി ചൊവ്വാഴ്ച അറിയിച്ചിരുന്നത്.
പാരീസ് ഒളിമ്പിക്സ് വനിതാ ഗുസ്തി ഫൈനലിലെത്തിയ വിനോഷ് ഫോഗട്ട് അവസാന നിമിഷം ശരീരഭാരം 100 ഗ്രാം കൂടിയതിനെ തുടർന്ന് അയോഗ്യ ആക്കപ്പെടുകയായിരുന്നു. 50 കിലോ ഗ്രാം വിഭാഗത്തിലായിരുന്ന് വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്.
ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്. തലേ ദിവസം ഭാരക്കൂടുതൽ മനസിലാക്കി രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് വ്യായാമം ചെയ്ത് 1900 ഗ്രാം കുറച്ചിരുന്നു വിനേഷ്.
വസ്ത്രത്തിന്‍റെ ഭാരത്തിൽ കുറവ് വരുത്തുകയും മുടി മുറിക്കുകയും ചെയ്തു. എന്നിട്ടും 100 ഗ്രാം അധികമായി ശേഷിക്കുകയായിരുന്നു. തുടർന്ന് വിനേഷിന് അയോഗ്യത പ്രഖ്യാപിച്ചതോടെ യുസ്നീലിസ് ഫൈനലിലിറങ്ങുകയായിരുന്നു.