തൊടുപുഴ: യാതൊരുവിധ ലൈസൻസും ഇല്ലാതെ ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കുന്നതായി പരാതി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലാണ് നാലോളം ഓഡിറ്റോറിയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നത്. ഇതേതുടർന്ന് അനുമതികൾ വാങ്ങി പ്രവർത്തിക്കുന്ന ഓഡിറ്റോറിയം ഉടമയായ തട്ടക്കുഴ എരപ്പൂഴീക്കര അലക്സ് ദേവസ്യ ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓഡിറ്റോറിയങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുവാൻ 2023 നവംബർ 17ന് ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കോടതി ഉത്തരവ് ലഭിച്ചിട്ടും ഗ്രാമപഞ്ചായത്ത് സെക്രട്ടരി നടപടി സ്വീകരിക്കുവാൻ തയ്യാറായില്ലെന്നാണ് ആരോപണം. വിവിധ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങുമ്പോൾ ഗ്രാമപഞ്ചായത്തിന്റെ ഉൾപ്പെടെ നിരവധി ലൈസൻസുകള ആവശ്യമാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൽക്ക് എതിരെ നടപടി സ്വീകരിക്കുവാൻ കോടതി നിർദേശിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ട്. അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തീപിടുത്തം, അപകടങ്ങൾ ഇവ ഉണ്ടായാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. ഇത്രയും ഗുരുതരമായ പ്രശ്നമായിട്ടും ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ ഉള്ളവർ നോക്കുകുത്തികളായി നിൽക്കുക ആണെന്നാണ് ആരോപണം. ഇതേതുടർന്ന് കോടതി അലക്ഷ്യ ഹർജി നൽകാനുള്ള ഒരുക്കത്തിലാണ് പരാതക്കാരൻ.