രാജാക്കാട്: മമ്മട്ടിക്കാനം സ്വദേശി കിഴക്കേക്കര അർജുൻ സതീശനാണ്(32) മരിച്ചത്. രാജാക്കാട് ടൗണിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി വരികയായിരുന്നു. ടൗണിൽതന്നെയുള്ള കടമാനത്ത് ബിൽഡിംഗിൽ വാടകയ്ക്ക് താമസിക്കുന്ന അർജുൻ മൂന്നാം നിലയിലെ വീട്ടിലേക്ക് കയറുന്നതിനിടയിൽ പടിക്കെട്ടിൽ നിന്നും കാൽവഴുതി വീണതാണ് അപകട കാരണം. സ്റ്റെപ്പിൻ്റെ കൈവരി ഉയരം കുറഞ്ഞതായിരുന്നു. 3 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരാൾ സ്റ്റെപ്പിൽ നിന്ന് വീണ് ചികിത്സയിരിക്കെ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടം ഉണ്ടായത്. 8.30തോടെ സമീപത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ ശേഷം തിരികെ വരികയായിരുന്ന ഭാര്യ അർജുനെ പടിക്ക് താഴെ ഒന്നാം നിലയിൽ വീണ് രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ അലറിക്കരയുന്നത് കേട്ട് ഓടി കൂടിയ ഓട്ടോ തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും ചേർന്ന് തലയ്ക്ക് പരിക്കേറ്റ അർജുനെ രാജാക്കാട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മമ്മട്ടിക്കാനത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ ആഷിത പോത്തിൻകണ്ടം വാഴക്കാലയിൽ കുടുംബാംഗം. ഏകമകൾ കീർത്തന പാർവതി.