മുതലക്കോടം: കുന്നം – മുതലക്കോടം ബൈപാസ്സ് നടപടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ. പട്ടയം കവല മുതല്‍ തൊടുപുഴ വരെ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കും തിരക്കും ഒഴിവാക്കാനായി കുന്നത്ത് നിന്ന് തുടങ്ങി പട്ടയം കവല കനാല്‍ കടന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിക്ക് പിന്നില്‍കൂടി സെയ്ന്റ ജോർജ്ജ് സ്‌റ്റേഡിയത്തിനടത്ത് എത്തി ഇല്ലിടച്ചുവട്, പെട്ടേനാട് വഴി ഏഴല്ലൂര്‍ റോഡില്‍ പ്രവേശിച്ച് അവിടെ നിന്ന് മങ്ങാട്ടുകവല – ഷാപ്പുംപടി നാലുവരിപാതയില്‍ എത്തുന്നതാണ് നിര്‍ദിഷ്ട ബൈപാസ്സ്. നഗരസഭയുടെ ടൗണ്‍പ്ലാനിലും ഇതിന് അംഗീകാരമുണ്ട്.
കുന്നം – മുതലക്കോടം ബൈപാസ്സിന് അനുകൂല റിപ്പോര്‍ട്ട് തൊടുപുഴ പി.ഡ.ബ്ലു.ഡി ഓഫീസില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കുന്നം മുതല്‍ മങ്ങാട്ടുകവല വരെ റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും പീക്ക് സമയങ്ങളില്‍ വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ടെന്നും നെയ്യശ്ശേരി – തോക്കുമ്പൻ റോഡ്, ഉടുമ്പന്നൂര്‍ – മണിയാറന്‍കുടി റോഡ് എന്നിവ പൂർത്തിയാകുന്നതോടെ ഇപ്പോൾ വണ്ണപ്പുറം – ചേലച്ചുവട് റോഡ് കൂടാതെ ഹൈറേഞ്ചില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടുതലായി എത്തുമെന്നും ഇതോടെ ഇപ്പോൾ ഉള്ളതിന്റെ പതിന്മടങ്ങ് ഗതാഗത തടസ്സവും കുരുക്കും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ റിപ്പോര്‍ട്ടിൻ മേൽ യാതൊരു വിധ തുടര്‍ നടപടികളും വകുപ്പില്‍നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. റോഡ് പണിയുടെ പ്രാഥമിക നടപടിയായ ഇന്‍വെസ്റ്റിഗേഷൻ റിപ്പോര്‍ട്ട് തയാറക്കാന്‍ ആവശ്യമായ തുക അനുവദിക്കാമെന്ന് നഗരസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തയാറാക്കാനുള്ള ഉത്തരവ് പി.ഡബ്ല്യൂ.ഡി ഇതുവരെ നല്‍കിയിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ ബൈപാസ്സിന് ടോക്കന്‍ തുക വകയിരുത്തിയട്ടുണ്ട്. ഇതല്ലാതെ യാതൊരു പുരോഗതിയും ബൈപാസ്സ് നിര്‍മ്മാണ കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാട്ടുകാര്‍ നവകേരള സദസ്സില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൊടുപുഴ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം അടുത്തയിടെ റോഡിന്റെ സാധ്യതാ റിപ്പോര്‍ട്ട് തയാറാക്കന്‍ എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടും അനുകൂലമാണ്.
റോഡിന്റ പ്രാധാന്യം മനസ്സിലാക്കി എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയോ എം.എല്‍.എയോ എം.പി യോ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കേന്ദ്ര നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എം.പിയും കിഫ്ബി പോലുള്ള പദ്ധതികളിൽ ഉള്‍പ്പെടുത്തൽ എം.എല്‍എയും നടപടി സ്വീകരിക്കണമെന്നും റോഡ് പണിക്കുള്ള ഇന്‍വെസ്റ്റിഗേഷൻ റിപ്പോര്‍ട്ട് തയ്യാറാക്കനുള്ള അനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വാങ്ങുന്ന കാര്യത്തില്‍ നഗരസഭ ശ്രദ്ധിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.