Timely news thodupuzha

logo

പാറ്റയുടെ 2024ലെ സുവർണ പുരസ്കാരം ഏറ്റുവാങ്ങി 
കേരള ടൂറിസം

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ(പാറ്റ) 2024ലെ സുവർണ പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു.

പാറ്റ ട്രാവൽ മാർട്ട് 2024 ന്റെ ഭാഗമായി തായ്‍ലൻഡിലെ ബാങ്കോക്ക് ക്വീൻ സിരികിറ്റ് നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.

മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടർ മരിയ ഹെലീന ഡി സെന്ന ഫെർണാണ്ടസ്, പാറ്റ സിഇഒ നൂർ അഹമ്മദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ പാറ്റ ചെയർ പീറ്റർ സെമോണാണ് പുരസ്കാരം സമ്മാനിച്ചത്.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം ക്യാമ്പയിൻ പരിഗണിച്ചാണ് പുരസ്കാരം. ഈ വർഷം പാറ്റ സുവർണ പുരസ്കാരം നേടിയ ഇന്ത്യയിൽനിന്നുള്ള ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം.

ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതന ഉൽപ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഡിജിറ്റൽ മാർക്കറ്റിങ് ക്യാമ്പയിനിനുള്ള പാറ്റ സുവർണ പുരസ്കാരം സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള കേരളത്തിന്റെ ആസൂത്രണ മികവിനെയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യ – പസഫിക് മേഖലയിലെ ട്രാവൽ വ്യവസായത്തിൽനിന്നുള്ള മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകുന്ന പാറ്റ 1984ലാണ് സ്ഥാപിതമായത്.

Leave a Comment

Your email address will not be published. Required fields are marked *