തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ ഇടുക്കി യൂണിറ്റ്, ഇ.പി.സി കേരളയുമായി ചേർന്ന് ചിന്നാർ വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ദ്വിദിന മൺസൂൺ ട്രക്കിംഗ് ക്യാമ്പ് സമാപിച്ചു. ചിന്നാർ-പാമ്പാർ വന മേഖലയിലും മുരുകൻ മല, മറയൂർ ഗ്രാമം എന്നിവിടങ്ങളിലൂടെയുമാണ് രണ്ട് ദിവസത്തെ യാത്രാ പരിപാടി നടത്തിയത്. കേരളത്തിലും, അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നാൽപതോളം യുവതീയുവാക്കൾ ട്രക്കിംഗിൽ പങ്കാളികളായി. യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷന്റെ സ്ഥാപക ദിനാചരണവും ഇതോടനുബന്ധിച്ച് നടത്തുകയുണ്ടായി. ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എൻ രവീന്ദ്രൻ, ജില്ലാ ട്രഷറർ ഷിജുമോൻ ലൂക്കോസ്, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിലെ റിട്ട. ഓഫീസർ ജോൺ തോമസ്, പ്രൊഫ. എഡ്വിൻ രാജ്(മധുര), എൻ വെങ്കിടേഷ്(ബാംഗ്ലൂർ), സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്, സോഷ്യൽ വർക്കർ കെ ധനുഷ്, തുടങ്ങിയവർ യാത്രാ പരിപാടിക്ക് നേതൃത്വം നൽകി.