Timely news thodupuzha

logo

നീ പ്രാർത്ഥനയാണ്, രചന: ആൻ്റണി പുത്തൻപുരയ്ക്കൽ

ഇവിടെ, ഇപ്പോൾ നീ
വ്യക്തമായും പൂർണ്ണമായും
സന്നിഹിതണണങ്കിൽ,
നീ പ്രാർത്ഥന തന്നെയാണ്.

ഹൃദയത്തിന്റെ ആഴവും
വാക്കുകളുടെ മൗനവും
നിശബ്ദതയിലെ അനുഭൂതിയും
നീ അറിയുമ്പോൾ, നീ പ്രാർത്ഥനയാണ്.

മൊഴികൾക്കതീതമായ സംഗീതത്തെ,
പ്രണയത്തിന്റെ വീണയിലുണരുമ്പോൾ,
സ്വരമാകുന്ന ജീവിതത്തിന്റെ നാദങ്ങളിൽ
നീ പ്രാർത്ഥനതന്നെയാണ്.

എപ്പോഴെല്ലാം നിൻ്റെ കണ്ണുകളിൽ
മറ്റുളളവർക്കു വേണ്ടിയുള്ള കരുതലിന്റെ
തിളക്കം അഴകാർന്നുനിൽക്കുന്നുവോ,
അപ്പോഴെല്ലാം, നീ പ്രാർത്ഥനയാണ്.

വാക്കുകൾ പരാജയപ്പെടുന്നിടത്ത്,
നിന്റെ മൃദുലമായ സ്നേഹതലോടൽ,
വേദനകളെ ആശ്വാസമാക്കി മാറ്റുന്നുവോ,
അപ്പോഴെല്ലാം, നീ പ്രാർത്ഥനയാണ്.

നിന്റെ ഇന്നലെകളിലെ വിസ്മയങ്ങൾ,
നിൻ്റെ മനോമുകുരത്തിൽ പെയ്തിറങ്ങുമ്പോൾ,
നിന്റെ ചുംബനത്താൽ ഉണരുന്ന തണുപ്പ്
മറ്റൊന്നുമല്ല, അതു പ്രാർത്ഥനയാണ്.

മഴത്തുള്ളികൾ സൂര്യകിരണങ്ങളാൽ,
മഴവില്ലുകൾ വരച്ചിടും പോലെ,
നിന്നിൽ തുടിക്കുന്ന ശാന്തിയുടെ നിറഭേദങ്ങൾ
നിന്നിലെ പ്രാർത്ഥനതന്നെയാണ്.

നിന്റെ ഹൃദയ സരോവരങ്ങളിൽ
നങ്കൂരമിടുന്ന സ്വപ്നങ്ങളുടെ മൗനം,
വാക്കുകളില്ലാതെ പൂക്കുന്ന ഒരു നിശ്ശബ്ദ
ഗാനമാകുമ്പോൾ, നീ പ്രാർത്ഥനയാണ്.

നിന്റെ കൈകളുടെ സ്പർശനത്തിൽ,
നിന്റെ നിശ്ശബ്ദ പുഞ്ചിരിയിൽ,
ആർദ്രമായ് ഉള്ളം തണുപ്പിക്കുന്ന
വാക്കുകളിൽ, നീ പ്രാർത്ഥന തന്നെയാണ്.

ആരോടും പരിഭവം പറയാത്ത നാവിനാൽ
പകലും രാത്രിയും നിന്നിൽ നിന്നൊഴുകുന്ന
നിലയ്ക്കാത്ത സ്നേഹവാക്കുകളാൽ
നീ എപ്പോഴും പ്രാർത്ഥനയാണ്.

നിന്റെ മിഴിയിലെ മൗനം
ഈ നിമിഷത്തിന്റെ ശാന്തതയിൽ
മധുരമായി മൊഴിയുമ്പോൾ,
നീ എപ്പോഴും പ്രാർത്ഥനയാണ്.

Leave a Comment

Your email address will not be published. Required fields are marked *