ബാംഗ്ലൂർ: രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ ദർശനും കൂട്ടുപ്രതി അനുകുമാറും ജാമ്യാപേക്ഷ നൽകിയിരുന്നു.
ഇവരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം പിന്നീട് അതും തള്ളിയിരുന്നു. ബെംഗളൂരുവിലെ 57-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതായും 4000 പേജുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
രണ്ടാം പ്രതി നടൻ ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റി. സ്ത്രീയാണെന്ന പരിഗണനയിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടിയും ദർശന്‍റെ സുഹൃത്തുമായ പവിത്ര കോടതിയെ സമീപിച്ചത്.
എന്നാൽ രേണുകാസ്വാമിയുടെ കൊലപാതകം ഹീനവും ഭയാനകവുമാണെന്ന് നികീക്ഷിച്ച കോടതി കൃത്യം നടക്കുമ്പോൾ സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണെന്ന് രണ്ട് ദൃക്സാക്ഷികൾ മൊഴി നൽകിയതായി കോടതി പറഞ്ഞു.
കൂടാതെ പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഡി.എന്‍.എ സാംപിളുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിക്കെതിരെയാണെന്നും കോടതി വ്യക്തമാക്കി.
രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് പവിത്ര ഗൗഡയും മറ്റ് 17 പേരും 2 മാസത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നടി പവിത്ര ഗൗഡക്കെതിരേ സാമൂഹികമാധ്യമത്തില്‍ അശ്ലീല കമന്റിട്ടതിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ(33) നടനായ ദർശനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
മോശം കമന്റിട്ട രേണുകസ്വാമിയോട് പ്രതികാരം ചെയ്യണമെന്ന് പവിത്രയാണ് ദര്‍ശനയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍ക്ലബ് കണ്‍വീനറായ രാഘവേന്ദ്ര വഴി ദര്‍ശന്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
പിന്നാലെ യുവാവിനെ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ഷെഡ്ഡില്‍വെച്ച് രേണുകാസ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ മൃതദേഹം കാമാക്ഷിപാളയത്തെ അഴുക്ക് ചാലില്‍ ഉപേക്ഷിച്ചു.
എന്നാൽ ഇവിടെനിന്ന് ഒരു ഫുഡ് ഡെലിവറി ബോയാണ് മൃതദേഹം നായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടതുന്നത്. തുടർന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചതോടയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.