Timely news thodupuzha

logo

പി.വി അൻവറിൻ്റെ ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയും സർക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ആവശ്യമായ രീതിയിലുള്ള ഗൗരവത്തോട് കൂടി, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നിടപടികൾ സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഞായറാഴ്ചയാണ് എ.ഡി.ജി.പിക്കെതിരെ അൻവർ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. എ.ഡി.ജി.പി എം.ആർ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും മുമ്പ് കസ്റ്റംസിൽ ജോലി ചെയ്തിരുന്ന എസ്.പി സുജിത് ദാസുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയിരുന്നതെന്നും ആണ് അൻവർ ആരോപിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയമാണെന്നും അൻവർ ആരോപിച്ചിരുന്നു. ഇതിനിടെ, കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി.

എ.ഡി.ജി.പി എം.ആർ അജിത് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവർ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തുന്നതിന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഇന്ന് ഒരു വേദിയിൽ എത്തും.

കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഇവർക്കു പുറമേ ഡി.ജി.പി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *