തൃശൂർ: കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി. ബസിൻറെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തി കൊണ്ട് പോയത്.
ശേഷം ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയിൽ മറ്റ് യാത്രാ മാർഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്ത് കൊണ്ട് പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി.
കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ 4.10ഓടെ ബസ് എടുക്കുന്നതിനായി ഡ്രൈവർ ബസ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സി.സി.ടി.വി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സി.സി.ടി.വി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ച് പോകുന്നതിൻറെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.