കോതമംഗലം: കളിക്കുന്നതിനിടെ സ്വിമ്മിങ്ങ് പൂളിലേക്ക് വീണ മൂന്ന് വയസുകാരൻ മരിച്ചു. ചെറുവട്ടൂർ കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്‍റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീറിന്‍റെ സഹോദര പുത്രനാണ്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ ജിയാസിന്‍റെ വീടിന് തൊട്ടടുത്തുള്ള സഹോദരന്‍റെ വീട്ടിൽ വന്നതായിരുന്നു കുട്ടി .
കളിക്കുന്നതിനിടെ വീട്ടിലെ സ്വിമ്മിങ്ങ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ബുധൻ വൈകിട്ട് ചെറുവട്ടൂർ അടിവാട്ട് ജുമാ മസ്ജിദിൽ.